സരസ്വതീപഞ്ചകം (കുമാരനാശാന്‍)
വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്
-
-
-
- 1
-
-
സാമോദം സത്യലോകപ്രമദവനസരോമണ്ഡപത്തിങ്കല്‍ വിശ്വം
വ്യാമോഹിപ്പിച്ചു വെള്ളക്കമലമലരതില്‍ക്കാലുമേല്‍ക്കാലുമേറ്റി
സീമാതീതം രസിക്കും സഖികള്‍നടുവു സംഗീതരംഗത്തില്‍ മേവും
വാമാംഗി വീണവായിപ്പവള്‍ വരമരുളീടേണമെന്‍ വാണിമാതാ.
-
-
-
- 2
-
-
ദേവീ! നിന്‍ തൃക്കടക്കണ്‍മുന സുഭഗതമേ രാഗവിസ്താരലോലം
ഹാ! വീക്ഷിച്ചന്തരംഗാകുലത തടവിയേകാന്തഗാനാന്തരത്തില്‍
ഭാവം മാറീടവേ നിന്‍ കരതലഗതമാം പൊന്‍വിപഞ്ചീവിലാസം
ലാവണ്യത്തില്‍ ഭ്രമിക്കും വിധിയെ ലയസമാധിക്കു ലാക്കാക്കുമമ്മേ.
-
-
-
- 3
-
-
ഓമല്‍സംഗീതവും സാഹിതിയുമുടലതായ്‌ത്തിങ്ങിവിങ്ങുന്നയേ നീ-
യീ മന്നില്‍പ്പൂവിലോലും മധുവുമുദിതനിര്‍ഹാരി സൗരഭ്യവുംപോല്‍
ആമോദം ലോകമേലുന്നതു പുനരതിനാലാണു കല്യാണരൂപേ
നാമോതാം നീ വെടിഞ്ഞാല്‍ ഭുവനമഖിലവും ശാരദേ സാരഹീനം
-
-
-
- 4
-
-
എന്താകും ധര്‍മ്മമെന്താം നൃപതിനയമഹോ സ്വര്‍ഗമോക്ഷങ്ങളെന്താ-
മെന്താം വാഗ്ദേവതേ നിന്‍പതിയുടെ കരസാമര്‍ഥ്യചിത്രം ജഗത്തും
ചിന്താരംഭങ്ങളീമന്നകമതിലയിതാവും കിനാവെന്നിയെന്താ-
മെന്‍തായേ നീ വെടിഞ്ഞാലുലകിടമുടനേ മൂകമാം ലോകവന്ദ്യേ.
-
-
-
- 5
-
-
തെല്ലായാലും സ്വയം നീ ജനനി കനിയുകില്‍ത്തേനൊഴുക്കാര്‍ന്ന വാക്കാല്‍
വെല്ലാനും വിശ്വമെല്ലാം വിധിയെ വശഗനാക്കാനുമാര്‍ക്കാണശക്യം
വല്ലാതാര്‍ത്തിപ്പെടുന്നേനടിയനു വരദേയാശ്രയം പാര്‍ക്ക തൃക്കാ-
ലല്ലാതില്ലംബ വാഗീശ്വരി കരുണ ലവം പെയ്ക വൈകാതെ തായേ.
| കുമാരനാശാന്റെ കൃതികള്‍ |
കൃതികള്‍
0 അഭിപ്രായ(ങ്ങള്‍):
Post a Comment